Monday

തിരഞ്ഞെടുപ്പിലെ രാഷ്ട്രീയം... ഒരവലോകനം


 29-032014 Eastcoastdaily യിൽ പബ്ലിഷ് ചെയ്ത തിരഞ്ഞടുപ്പിനെക്കുറിച്ചുള്ള ലേഖനം...

ഭാരതചരിത്രത്തിൽ സ്വാതന്ത്രലമ്പ്ധിക്കു ശേഷം ച്രിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന പതിനാറാം ലോകസഭാ തിറഞ്ഞെടുപ്പ് നമ്മുടെ മുന്നിലെത്തി നിൾക്കുമ്പോൾ എന്തു ചെയ്യണമെന്നു വ്യക്തമായ ഒരു ഉത്തരം കിട്ടാതെ ഉഴലുന്ന ഓരോ ഭാരതീയന്റേയും മനസ്സിൽ ഭാവിയേക്കുറിച്ചു ഒറുപാടു ചിന്തകൾ മിന്നി മറയുന്നുണ്ട്.

         മോഡി വികാരം അണപൊട്ടി ഒഴുകുമ്പോൾ അതിനനുകൂലമായും പ്രതികരിച്ചും ശക്തമായി തന്നെ ജനവിഭാഗങ്ങളുടെതടക്കം നേതാക്കൻമാരും പാർട്ടികളും ഇന്നു രംഗത്തുണ്ട്. എന്തു കൊണ്ട് നരേന്ദ്രമോഡി, പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിലയിൽ ഇത്രമാത്രം ശ്രദ്ധാകേന്ദ്രമാകുന്നു? എന്തുകൊണ്ടതിനെ എതിർക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇത്രയധികം ശ്രദ്ധ കൊടുക്കുന്നു. സാധാരണക്കാരനായ ഒരു ഇന്ത്യക്കാരനെന്ന നിലയിൽ ഇങ്ങേയറ്റത്ത് കേരളത്തിൽ കിടക്കുന്ന നമ്മൾക്ക് വ്യക്തിയെന്ന നിലയിലുള്ള മോഡിയെ വളരെ കുറച്ചേ അറിയുകയുള്ളൂ. അതും പത്രവാർത്തകളിലൂടെയും മാധ്യമങ്ങളുടെ തനതായ ശൈലിയിലുള്ള പ്രഹസനങ്ങളുടേയും ആകെത്തുകയായി അനുഭവപ്പെടുന്ന തെറ്റേത് ശരിയേത് എന്നു വിലയിരുത്താൻ ഏറെ ബുദ്ധിമുട്ടുള്ള അവസ്ഥാവിശേഷം നിലനിൽക്കുമ്പോൾ. ആരാണു മോഡി എന്നന്വേഷിച്ചാൽ പോലും നമ്മൾ ചെന്നെത്തുന്നത് തികച്ചും അവ്യക്തമായ വിവരണങ്ങളിലാണ്. വർഗീയവാദിയെന്നും ഗുജറാത്തിലെ കൂട്ടകൊലയ്ക്ക് പിന്നിലെ സൂത്രധാരനെന്നും പല തരം വാർത്തകൾ. സത്യമെന്തെന്ന് ഒരു വിശദീകരണം നൽകാൻ ഇതുവരെയുള്ള സർക്കാറുകൾക്കോ സർവോന്നത നീതിപീഠത്തിനോ കഴിയുന്നുമില്ല. എന്നിട്ടും കേരളത്തിൽ പോലും മോഡിയ്ക്ക് പിന്നിൽ അണിനിരക്കാൻ ജനങ്ങളുണ്ട്. കേരളത്തിലെ മോഡി സന്ദർശനത്തിലെ ജനങ്ങൾ വിളിച്ചു പറയുന്നത് അതാണ്. എന്തുകൊണ്ട്...?

       സാധാരണക്കാരനായ ഒരു ഇന്ത്യക്കാരനെന്ന കാഴ്ചപ്പാടിൽ അതിനൊരുത്തരമേ ഉള്ളൂ. നട്ടെല്ലുള്ള ഒരു ഭരണാധിപനെ നമ്മളോരോരുത്തരും ആഗ്രഹിക്കുന്നുണ്ട്. നമുക്ക് വേണ്ടി സംസാരിക്കാൻ. ഭാരതം സ്വന്തമായി ശബ്ദവും ശക്തിയും ഉള്ള രാജ്യമാണെന്ന് മറ്റു രാജ്യങ്ങൾക്ക് മനസിലാക്കി കൊടുക്കുവാൻ. സ്വന്തമായി തീരുമാനമെടുക്കാൻ കഴിവുള്ള ഒരു ഭരണ സംവിധാനം നമുക്ക് വേണം. ബ്രിട്ടീഷുകാർക്ക് മുൻപിൽ അഹിംസ കൊണ്ട് നമ്മൾ നേടിയെടുത്തത് സ്വാതന്ത്ര്യമാണെന്ന് നമുക്ക് ഉറപ്പു വരണമെങ്കിൽ സ്വന്തമായി നമ്മൾ കരുതുന്ന ജനാധിപത്യഭരണ സംവിധാ‍നം ഇന്ത്യയുടെ യശസ്സും അഭിമാനവും ഉയർത്തിക്കാട്ടുന്ന ഒന്നു തന്നെ ആയിരിക്കണം. അല്ലാതെ എന്തിനും ഏതിനും മറ്റുള്ളവരോട് യാചിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുത്ത കോൺഗ്രസ്സിന്റെ മിണ്ടാപ്പൂച്ച നയം നമുക്ക് വേണ്ടതില്ല തന്നെ. ‘അഹിംസ’ എന്നത് ഒരിക്കലും കീഴ്‌പ്പെട്ടു കൊടുക്കുന്ന ഒരു നയം ആയിരുന്നില്ലെന്ന് ഇവരെന്നാണ് മനസ്സിലാക്കുക. ചോര ചിന്താതെ തങ്ങളുടെ നിലപാട് ശക്തമായി അറിയിക്കുകയാണ് ഗാന്ധിജി ചെയ്തത്..വിദേശവസ്തുക്കൾ ബഹിഷ്കരിച്ച് അവയില്ലെങ്കിലും നിലനില്പുണ്ടെന്ന് കാട്ടികൊടുത്തു. ഉപ്പുസത്യാഗ്രഹം നടത്തിയത് നമ്മുടെ മണ്ണിലും അതിന്റെ വിഭവങ്ങളിലുമുള്ള നമ്മുടെ അവകാശം സ്ഥാപിച്ചെടുക്കുകയായിരുന്നു. നട്ടെല്ലുയർത്തി നിൽകുന്ന വ്യക്തിത്വത്തിനു വിനയം അലങ്കാരമാണെന്നാണ് നമുക്കതിലൂടെയൊക്കെ കാണിച്ചു തന്നത്. ആ വിനയം കീഴ്പ്പെടലാണെന്ന് തെറ്റിദ്ധരിച്ച് ഗാന്ധിജിയുടെ നയങ്ങളെ പരിഹസിക്കും വിധം മുന്നോട്ടു പോകുന്നവർ ആ മഹാത്മാവിന്റെ പേരും ഉയർത്തിപ്പിടിച്ച് അദ്ദേഹത്തെ അവഹേളിക്കുമ്പോൾ ഭാരതീയനെന്ന നിലയിൽ ഞാനാഗ്രഹിക്കുന്നത് ഒരു മാറ്റം തന്നെയാണ്. ദേവാലയത്തിൽ നിന്ന് കച്ചവടക്കാരെ ചാട്ടകൊണ്ടടിച്ച് ആട്ടിയോടിച്ച ദൈവപുത്രനെ ഇവിടെ സ്മരിച്ചു കൊള്ളട്ടെ. ഉപ്പൂപ്പാക്ക്, ആനപ്പുറത്തിരുന്നുണ്ടായ തഴമ്പിന്റെ പേരു പറഞ്ഞ് സ്വന്തം പേരിന്റെ പിറകിൽ ഗാന്ധിയെന്ന് കൂട്ടിച്ചേർത്ത് നടക്കുന്ന നെഹ്രു കുടുംബത്തോടിപ്പോൾ പുച്ഛമല്ലാതെ മറ്റൊന്നും തോന്നുന്നില്ല.

      കള്ളപ്പണത്തിന്റെ സുപ്രീം കോടതി പരാമർശം ഈയവസരത്തിൽ തികച്ചും ചിന്തനീയമായ ഒന്നാണ്. എന്തുകൊണ്ട് നമ്മുടെ സർക്കാരുകൾ കള്ളപ്പണത്തിന്റെ വിഷയത്തിൽ ഒട്ടും പ്രാധാന്യം കൊടുക്കുന്നില്ല? സാധാരണക്കാരന്റെ കാഴ്ചപ്പാടിൽ കാരണം തികച്ചും വ്യക്തമാണ്. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ, പുറം രാജ്യത്ത് പണം നിക്ഷേപിച്ചിട്ടുള്ളവരിൽ മുൻപന്തിയിൽ നിൽക്കുന്നവരിൽ പ്രധാനികളിലൊരാൾ നമ്മുടെ രാജ്യത്തിന്റെ പ്രധാനരാഷ്ട്രീയ പാർട്ടിയുടെ തലപ്പത്തുള്ള നെഹ്രുകുടുംബാംഗമായ വനിതാരത്നം ആണെന്നത് തന്നെ. അങ്ങനെയെങ്കിൽ അത്തരമൊന്നിനെ കുറിച്ചുള്ള അന്വേഷണം എങ്ങിനെയുണ്ടാകും എന്നത് സാമാന്യബോധമുള്ള ആർക്കും അറിയാവുന്നതാണ്.

       ഇനിയൊരിക്കൽ കൂടി ഭരണസംവിധാനത്തിൽ കേറിയിരിക്കുന്നത്, ചെവിയിൽ പടക്കം പൊട്ടിച്ചാൽ പോലും എണീറ്റ് ചുറ്റും നോക്കി വീണ്ടും ഉറക്കം തുടരുന്ന ഒരു പ്രധാനമന്ത്രിയാവരുത്. രാഷ്ട്രീയം രാഷ്ട്രത്തെ സംബന്ധിച്ചുള്ളതാണെന്ന് വെളിപ്പെടുത്തുന്ന ഒരു ഭരണം വേണം. രാഷ്ട്രത്തിനകത്തും പുറത്തും ഉള്ള പ്രശ്നങ്ങളിൽ ഒരു പോലെ ഇടപെടുകയും വേണ്ടതായ നിലപാടുകൾ ശക്തമായി എടുക്കുകയും ചെയ്യുന്ന ഭരണാധിപൻ വേണം. തെലുങ്കാന / മുല്ലപ്പെരിയാർ പ്രശ്നങ്ങൾ ഒരു രാജ്യത്തിനകത്തെ ദേശങ്ങളെ സംബന്ധിച്ചും ആ രാജ്യത്തെ സംബന്ധിച്ചും ഏറ്റവും പ്രാധാന്യമുള്ള ഒന്നു തന്നെയാണെന്നാണ് ഞാൻ മനസിലാക്കുന്നത്. എന്നാൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും ഭരണകർത്താക്കളും അതിന്മേൽ കാണിച്ച അവഗണന എത്ര മാത്രം അഹങ്കാരം നിറഞ്ഞതാണെന്ന് നമുക്കറിയാം. നമ്മുടെ ജനാധിപത്യം എന്ന ബോധത്തെ തന്നെ ചോദ്യം ചെയ്ത നടപടിയായി മാത്രമേ അതിനെ കാണാൻ കഴിയുകയുള്ളൂ. ഇന്നും നിലനിൽക്കുന്ന തർക്കവിഷയങ്ങളായ ഇത്തരം പ്രശ്നങ്ങളിലൊന്നും ഇടപെടാനോ പരിഹരിക്കാനോ ഇവർ തയ്യാറായില്ല, എങ്കിൽ തന്നെയും നമ്മുടെ നാട്ടിലെ നമ്മുടെ ജനങ്ങളെ വെടിവച്ചു കൊന്ന ഇറ്റാലിയൻ നാവികർക്ക് സുഖസൌകര്യങ്ങൾ ഒരുക്കാനും അവർക്ക് ക്രിസ്തുമസും മറ്റും ആഘോഷിക്കാൻ നാട്ടിൽ പോയി വരാനുള്ള സൌകര്യമൊരുക്കാനും അവരെ വധശിക്ഷയ്ക്ക് വിധിക്കില്ലെന്ന ഉറപ്പു കൊടുക്കാനും മറന്നില്ലെന്നതും നമ്മൾ ചിന്തിക്കേണ്ടതായ വിഷയം തന്നെയാണ്. ഇത്തരമൊരു രാഷ്ട്രീയത്തെ എന്തിന് പ്രോത്സാഹിപ്പിക്കണം എന്നത് നമ്മൾ ചിന്തിക്കണം.

        ജനങ്ങളെ വിഡ്ഡികളാക്കി സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി നില കൊള്ളുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ എന്തിന്റെ പേരിലായാലും തുടരാൻ അനുവദിക്കേണ്ടതില്ല തന്നെ.തങ്ങളുടെ എതിരാളിയായി നിലകൊള്ളുന്ന മോഡിയ്ക്കെതിരെ അവർ പ്രചരിപ്പിക്കുന്ന പ്രധാന ആരോപണം വർഗീയത എന്നതാണ്. എങ്ങനെയാണീ വർഗീയത ഉണ്ടാകുന്നത്...അതിനെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് മാത്രമല്ലേ. ഇപ്പറയുന്ന രാഷ്ട്രീയമുന്നണിയിൽ എത്ര ജാതിസംഘടനകളെ സ്വന്തം ഘടകമായി നിലനിർത്തി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അവർ ആലോച്ചിക്കേണ്ടതുണ്ട്. ന്യൂനപക്ഷവും ഭൂരിപക്ഷവുമായി ജനങ്ങളെ വിഘടിപ്പിച്ച് നിലനിർത്തുന്നത് ഇത്തരം രാഷ്ട്രീയപാഷാണങ്ങളാണെന്ന് തിരിച്ചറിയാൻ കഴിയാത്തവരല്ല ജനങ്ങൾ. വികസനം എന്ന സ്ഥിരം പല്ലവിയുമായി പ്രകടനപത്രിക ഉയർത്തിപ്പിടിച്ച് വരുന്ന ഇവർ തന്നെയാണ് ഏറ്റവും അധികം സമ്പന്നരായി കണക്കാക്കപ്പെടുന്നതെന്നതും ദു:ഖകരമായ സത്യമാണ്. തിരഞ്ഞെടുപ്പിനും മറ്റുമായി കോടികൾ ചിലവഴിക്കുന്ന ഇവർക്ക് പാവങ്ങളുടെ ഉന്നമനത്തിനു വേണ്ടിയും ഇതൊക്കെ ചെയ്യാവുന്നതാണ്. സ്വിസ്‌ ബാങ്കിൽ കിടക്കുന്ന ശതകോടി കള്ളപ്പണത്തിന്റെ അംശങ്ങൾ മതി അതിന്. എന്നാൽ അതിനു ശ്രമിക്കാതെ നികുതിയും ആവശ്യസാധനങ്ങളുടെ വിലയും വർദ്ധിപ്പിക്കുകയെന്നതടക്കം ജനങ്ങളിൽ നിന്നും ഊറ്റിയെടുക്കാനല്ലാതെ മറ്റെന്തിനാണിവർ ശ്രമിച്ചിട്ടുള്ളത്?

       ബിജെപിയെ വർഗീയപാർട്ടിയെന്ന നിലയിലോ, നരേന്ദ്രമോഡിയുടെ വർഗീയമനോഭവമാണ് പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞു കയറ്റത്തേക്കാൾ അപകടകരമെന്നതിനെക്കുറിച്ചോ എനിക്കറിയില്ല. എനിക്ക് മനസിലാകുന്നത് മോഡിയ്ക്ക് സ്വന്തമായൊരു നിലപാടുണ്ടെന്നും ഇന്ന് തെരഞ്ഞെടുപ്പിൽ ശക്തനായൊരു ഭരണാധിപനെന്ന നിലയിൽ കാണപ്പെടുന്നത് മോഡിയാണെന്നും മാത്രമാണ്. പ്രധാനമന്ത്രിയാകുന്നതിന്റെ പിറ്റേന്ന് ഒരു നിയമം ഇറക്കി അദ്ദേഹത്തിനു രുചിക്കാത്തതായി തോന്നുന്ന സകലജാതികളേയും തുടച്ചു നീക്കുന്ന ഒരാളാണു മോഡിയെന്നു തന്നെയിരിക്കട്ടെ. ജനാധിപത്യത്തിന്റെ ഈ രാജ്യം വെള്ളരിക്കാപ്പട്ടണമൊന്നുമല്ല എന്ന് ജനങ്ങൾക്കറിയാം. അതു കൊണ്ടു തന്നെ വർഗീയതയും ന്യൂനപക്ഷ-ഭൂരിപക്ഷ പ്രഖ്യാപനങ്ങളുമായി കടന്നു വരുന്ന ഒരു രാഷ്ട്രീയപ്രഭാഷകനേയും ഇവിടെ തുടരാൻ അനുവദിക്കേണ്ടതില്ല. ഭാരതീയരിൽ വേർതിരിവുണ്ടാക്കാത്ത, ജനങ്ങളെ ഒന്നായി കാണുന്നവരിൽ മാത്രം വിശ്വാസമർപ്പിക്കേണ്ടിയിരിക്കുന്നു. ചരിത്രത്തിന്റേയും പാരമ്പര്യത്തിന്റേയും ഗീർവാണങ്ങളുമായി ഇനിയൊരിക്കലും ഒരാളും കടന്നു വരരുത്. ചിലയിടങ്ങളിലെങ്കിലും വർഗീയത വളമിട്ടു വലർത്തി പരസ്പരം കണ്ടാൽ കൊല്ലുന്ന ജനങ്ങളെ നിലനിർത്താൻ രാഷ്ട്രീയം ഉപജീവനമാക്കിയവർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ തന്നെയും ഒരേ പാത്രത്തിൽ ഉണ്ടുറങ്ങുന്ന മനുഷ്യരായി മാത്രം കണ്ട് സ്നേഹിക്കുന്ന ചെറിയ വിഭാഗമായിക്കൊണ്ടിരിക്കുന്ന ഹിന്ദുസ്ഥാനികൾ ഇപ്പൊഴും ബാക്കിയുണ്ട്. (ഇവിടെ പരാമർശിച്ച ‘ഹിന്ദുസ്ഥാനി’ ഹിന്ദുമത വിശ്വാസി അല്ല സകലചരാചരങ്ങളിലും ജീവനും ദൈവാംശവും കണ്ട് പരസ്പരം ബഹുമാനിക്കുന്ന ‘ഹൈന്ദവത’ എന്ന ഭാരതസംസ്കാരത്തെ ഉൾകൊള്ളുന്ന ഭാരതീയർ. അവരിൽ മതവിശ്വാസങ്ങൾ പലതുള്ളവരുണ്ടാവാം പക്ഷെ സംസ്കാരം ഒന്നു തന്നെയായിരിക്കും).

      ബി.ജെ.പി-യെ കുറിച്ചെന്തെങ്കിലും പറയാൻ ഭൂരിപക്ഷം ജനങ്ങളെ പോലെ ഞാനും അജ്ഞനാണ്. വർഗീയതയുടെ നിറം പകർന്ന മാധ്യമവാർത്തകളിലൂടെയല്ലാതെ ആ പ്രസ്ഥാനം എന്താണെന്ന ഒരറിവും സത്യത്തിൽ എനിക്കില്ല. പ്രത്യേകിച്ചും കേരളത്തിലെ ഇടത്-വലത് മുന്നണികൾക്കിടയിൽ പെട്ട് ശ്വാസം മുട്ടി കഴിയാമെന്നല്ലാതെ മറ്റൊന്നിനെ കുറിച്ച് അറിയേണ്ടതില്ലാത്ത അവസ്ഥയിൽ. ബിജെപി എന്ന വാക്ക് കേൾക്കുന്നത് ഇടയ്ക്കുണ്ടാകുന്ന കൊലപാതകങ്ങൾക്കൊപ്പമാണ്.. ഇടതിന്റെ ആക്രമണത്തിൽ ബിജെപി പ്രവർത്തകനു വെട്ടേറ്റെന്നോ വെട്ടേറ്റു മരിച്ചു... ഹർത്താൽ. എന്നിങ്ങനെ. ഉടനെ തന്നെ തിരിച്ചുമൊരു കൊലപാതകം പ്രതീക്ഷിക്കാം. അക്രമത്തെ അക്രമം കൊണ്ട് നേരിടുകയെന്ന നയം ധീരതയാണെന്ന് സ്വാതന്ത്ര്യസമരകാലത്തെ ജ്വലിക്കുന്നൊരോർമ്മയായി ഇന്നും നിലനിൽക്കുന്ന ‘സുഭാഷ് ചന്ദ്രബോസിനെ’ ഓർമ്മകളിലെത്തിക്കുമെങ്കിലും കൊല്ലുന്നതും കൊല്ലപ്പെടുന്നതും ജനങ്ങളാണെന്ന് തിരിച്ചറിയാത്ത രാഷ്ട്രീയ നയത്തെ മാറ്റി നിർത്താതെ വയ്യ. ചോരയ്ക്ക് പകരം ചോരയെന്ന നയം അക്രമത്തിനു കീഴടങ്ങാൻ വയ്യാത്ത ഭാരതീയന്റെ ചങ്കൂറ്റമാണെന്നു പ്രസംഗിക്കാമെങ്കിൽ പോലും ഭയപ്പാടോടെ കഴിയേണ്ടി വരുന്ന അനേകായിരം സാധാരണജനങ്ങളെ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

     ആം ആദ്മി എന്ന പ്രഖ്യാപനവുമായി കടന്നു വന്ന “' AAP ” കൂടി പരാമർശിക്കപ്പെടേണ്ടതുണ്ട്. പ്രജ്ഞയറ്റു പോയ പാവങ്ങൾക്ക് പുത്തനുണർവ്വായി കടന്നു വന്ന 'AAP' എന്ന ഗുണകരമായ ചിന്ത ഒരു പാർട്ടിയെന്ന നിലയിലേക്ക് വരുമ്പോൾ പ്രത്യക്ഷപ്പെട്ട മാറ്റങ്ങൾ ചിന്തിക്കപ്പെടേണ്ടതു തന്നെയാണ്. ഒട്ടും സംഘടിതമല്ലാത്ത ഘടനയിൽ അവർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം മാത്രമാണ് ഒന്ന്. ചിന്തയിൽ രാഷ്ട്രീയം എന്നത് വെറുപ്പായി കൊണ്ടു നടന്ന, മറ്റൊരു തരത്തിൽ പറഞ്ഞാൽ നിലവിലുള്ള രാഷ്ട്രീയം കണ്ടു വളർന്ന് അതിനെ രാഷ്ട്രീയമായി തെറ്റിദ്ധരിച്ച് വെറുത്തു പോയ ഒരു ജനത പ്രതീക്ഷയായി കണ്ടതു കൊണ്ട് മാത്രം വളർന്ന ഒരു പ്രസ്ഥാനമാണു ആം ആദ്മി. തുടക്കം പ്രതീക്ഷാനിർഭരമെങ്കിലും പോക്ക് അത്രയ്ക്കങ്ങോട്ട് ശുഭകരമായില്ല. അരവിന്ദ് കെജ്രിവാൾ മുന്നോട്ട് വയ്ക്കുന്ന ആശയം തികച്ചും പരസ്പരവിരുദ്ധമാണ് പലപ്പോഴും പ്രവർത്തിയിലെത്തുമ്പോൾ.

      ജനങ്ങളുടെ ആവശ്യങ്ങളിൽ നങ്കൂരമിട്ടിരുന്ന ആം ആദ്മി ഇന്നെന്തിനാണ് മോഡിയിൽ മാത്രം ഉന്നം വയ്ക്കുന്നതെന്ന് മനസിലാകുന്നില്ല. മോഡിയുടെ വർഗീയതയോ ഗുജറാത്ത് കൂട്ടക്കൊലയോ എന്തും ആവട്ടെ. ജനദ്രോഹനടപടികളിലൂടെ മുന്നോട്ട് പോകുന്ന കോൺഗ്രസ്സിനെ കുറിച്ചോ അവരുയർത്തുന്ന അവകാശവാദങ്ങളെ കുറിച്ചോ അദ്ദേഹം ബോധവാനല്ലെന്നു തോന്നും ഇന്നത്തെ പോക്ക് കണ്ടാൽ. കെജ്രിവാൾ അധികാരമോഹിയാണെന്ന അണ്ണാഹസാരെ ആരോപണത്തെ കുറച്ചൊന്നുമല്ല അത് ഓർമിപ്പിക്കുന്നത്. ഒപ്പം കോൺഗ്രസ്സുമായി അവിശുദ്ധബന്ധമെന്ന മോഡിയുടെ ആരോപണത്തെയും ഇവിടെ കൂട്ടി വായിക്കേണ്ടി വരുന്നു. സാധാരണക്കാരന്റെ പ്രശ്നങ്ങളെ ഉയർത്തിക്കാട്ടി മുന്നോട്ട് വന്നെങ്കിലും അദ്ദേഹത്തിന്റെ മുന്നേറ്റം എങ്ങോട്ടാണെന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. ജനങ്ങളെ വിഡ്ഡികളാക്കുക എന്ന പഴയ രാഷ്ട്രീയം ഇനിയാവർത്തിക്കാതിരിക്കേണ്ടത് പ്രധാനം തന്നെയാണ്. കാരണം, ഇന്ന് ആം ആദ്മിയ്ക് പിന്നിൽ അണി നിരക്കുന്നത് നാളത്തെ ഭാരതത്തെ വാർത്തെടുക്കേണ്ട യുവത്വമാണെന്നത് തന്നെ. ശൈശവം മുതൽ വിഷം കൊടുത്ത് വളർത്തുന്ന വിഷകന്യകാ പ്രതിസന്ധി നാളത്തെ ഭാരതത്തിനുണ്ടാകരുത്. (സ്പർശനം കൊണ്ടു പോലും വിഷകന്യകയിൽ നിന്നു വിഷബാധയുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്) കാരണം അധികാരമോഹം കൊണ്ട് ആം ആദ്മിയിലേക്ക് പ്രവഹിക്കുന്ന പഴയ നേതാക്കന്മാരുടെ പുതിയ മുഖം കാണുമ്പോൾ ഭയം തോന്നുന്നുണ്ട്.

      അക്രമരാഷ്ട്രീയത്തിന്റെയും അവസരവാദത്തിന്റേയും പുതിയ മുഖമുള്ള ക‌മ്യൂണിസത്തിനെ പരാമർശിക്കാതെ നിർത്താൻ കഴിയില്ലെന്ന് തോന്നുന്നു. പാവപ്പെട്ടവന്റെ വേദനയും കണ്ണീരും ആദ്യം കണ്ടത് ക‌മ്യൂണിസ്റ്റുകാരാണെന്നൊരു വിശ്വാസം ജനങ്ങൾക്കുള്ളത് കൊണ്ടാണ് ഇന്നും ക‌മ്യൂണിസ്റ്റ്കാരനെന്നും പറഞ്ഞ് പലരും നാട്ടിൽ നടക്കാൻ ധൈര്യപ്പെടുന്നത്. സഖാവ് എന്ന വാക്കിന് ഉയർത്തിക്കാട്ടാൻ പോന്ന വിരലിലെണ്ണാവുന്ന ചുരുക്കം ചില നേതാക്കന്മാരും അവർക്കുണ്ട്. ഇ.എം.സ്, എ.കെ.ജി, ഇ.കെ.നായനാർ. എന്നിങ്ങനെ പോകും ആ പേരുകൾ.... (വി.എസ്. അച്യുതാനന്ദനും കുറച്ച് കാലം മുൻപ് വരെ ഈ ലിസ്റ്റിലുണ്ടായിരുന്നു. നിലവിൽ പകൽമാന്യത വെളിപ്പെട്ട് ഇന്നത്തെ ഏറ്റവും വലിയ അവസരവാദിയായി തിരിച്ചറിയപ്പെടും വരെ.) ഇന്നത്തെ അക്രമസ്വഭാവമുള്ള നേതാക്കന്മാരിലൂടെ മുഖവും സ്വഭാവവും മാറിയിട്ടും ഇന്നും അത് നിലനിൽക്കുന്നത് പഴയകാല പ്രവർത്തനങ്ങൾ മനസിലുള്ള തലമുറയുടെ സാന്നിധ്യം കൊണ്ടാണെന്നോർക്കേണ്ടതുണ്ട്. അവർ ഈ പ്രസ്ഥാനത്തെ അത്രമാത്രം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. ഇന്നും ഒരു പുനർജന്മം സ്വപ്നം കാണുകയും ചെയ്യുന്നു. പട്ടിണിയാണെങ്കിൽ മുണ്ടു മുറുക്കിയുടുത്ത് ഏ‌മ്പക്കം വിടുന്ന പഴയ തറവാടിത്ത പ്രമാണങ്ങൾ തന്നെയാണിവരും പിന്തുടരുന്നതെന്ന് വ്യക്തം.പക്ഷെ, പുതു തലമുറയ്ക്ക് അങ്ങനൊന്നില്ലെന്ന് അവരോർത്താൽ നന്ന്. അക്രമരാഷ്ട്രീയം മാത്രം വച്ചു പുലർത്തുന്ന പുത്തൻ നേതാക്കന്മാരെയും പ്രവർത്തികളേയും കണ്ട് വെറുത്ത പുതുതലമുറയ്ക്ക് ടി.പി വധമടക്കമുള്ള ക്രൂരതയുടെ പ്രത്യയശാസ്ത്രത്തിനെ ഉൾക്കൊള്ളാനാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിണറായിയെ തൊട്ടാൽ കേരളം കത്തുമെന്ന് ഭീഷണി മുഴക്കുന്ന ജയരാജന്റെ മുഖം ടിവിയിൽ കണ്ട് ഭയന്ന് വളരുന്ന കുട്ടിയിൽ സോഷ്യലിസം, സാഹോദര്യം, സമത്വം എന്നതൊക്കെയാണ് ആശയങ്ങളെന്ന് പറഞ്ഞാൽ അവൻ തലയാട്ടുമെന്ന് കരുതാൻ എന്തോ എന്റെ സാമാന്യബുദ്ധി അനുവദിക്കുന്നില്ല. കാരണം, 51 വെട്ടുമായി ടിപി എന്ന “ മനുഷ്യന്റെ ” അതിദാരുണമായ മരണം ഓരോ നിശ്വാസത്തിലും ആളിക്കത്തുന്ന ഭീതി നിറഞ്ഞ ഒരോർമ്മയായി നിലനിൽക്കുന്നു. ഒപ്പം കൊലപാതകികൾക്ക് വേണ്ടി ശബ്ദിച്ച, കോടതി വിധിക്കു ശേഷം കൊലപാതകികളുടെ സുഖാന്വേഷണത്തിനു ചെന്ന നേതാക്കന്മാരുടെ പ്രത്യയശാസ്ത്രം എന്താണെന്ന സംശയവും ബലപ്പെടുന്നുണ്ട്. മൃഗീയമെന്നതിനേക്കാൾ ഭീകരമായി കൊല്ലപ്പെട്ട ടി.പി.യോടില്ലാത്ത എന്ത് മനുഷ്യത്വമാണ് അത് ചെയ്തവരോടീ നേതാക്കന്മാർക്ക് കാണിക്കാനുള്ളതെന്ന ചോദ്യം ഇന്നും അവശേഷിക്കുന്നുണ്ട്. വിഡ്ഡിയാക്കപ്പെടുന്നത് ജനങ്ങളാണ്.

      മതതിന്റെ പേരിൽ വിശ്വാസങ്ങളേയും വിശ്വാസികളേയും സംരക്ഷിക്കാൻ നിലകൊള്ളുന്ന മുസ്ലിം ലീഗ് ഒരു ജനതയെ സംരക്ഷിക്കുമ്പോൾ, പൊതുജനങ്ങൾക്കിടയിലത് വിഭാഗീയത സൃഷ്ടിക്കുകയാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്ന് പഠിപ്പിച്ച ശ്രീ നാരായണഗുരുവിന്റെ പേരിൽ നില കൊള്ളുന്ന SNDP ആ ആശയത്തെ പാടെ അവഗണിക്കുന്നതായാണ് അനുഭവപ്പെടുന്നത്. SNDP-യും NSS-ഉം ചേരാതെ നിൽക്കുമ്പോൾ ഹിന്ദുക്കൾക്കിടയിൽ വിഭാഗീയത ഉണ്ടാകുന്നത് ഇവരുള്ളത് കൊണ്ടാണെന്ന് പലപ്പോഴും തോന്നാറുണ്ട്. രാഷ്ട്രീയ കാരണങ്ങൾക്ക് പോലും ഇടയലേഖനം പുറപ്പെടുവിക്കുന്ന ക്രിസ്തീയസഭകൾ ക്രൈസ്തവരിലെ വിശ്വാസത്തെ ചൂഷണം ചെയ്ത് അവരുടെ സ്വതന്ത്രമായ രാഷ്ട്രീയബോധമെന്ന അവകാശത്തെ ഹനിക്കുകയാണു ചെയ്യുന്നത്. ഇത്തരം വിഭാഗങ്ങളുടെ സാന്നിധ്യമടങ്ങുന്ന രാഷ്ട്രീയത്താൽ ജനാധിപത്യം ഇന്ന് നിർവചനങ്ങൾക്കപ്പുറം എത്തി നിൽക്കുന്നു. ജനാധിപത്യത്തെ നീതിപൂർവ്വമായ നിയമപാലനത്തിലൂടെ പൂർത്തികരിക്കേണ്ട ചുമതലയുള്ള നീതിപീഠങ്ങൾക്കും പലപ്പോഴും അതിനു കഴിയുന്നില്ലെന്നിരിക്കെ, ജനാധിപത്യത്തിന്റെ നിലനില്പ് പല വിധത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്ന ഈ പരിതസ്ഥിതിയിൽ വോട്ടർ എന്നത് ഒരു സങ്കല്പമോ അർത്ഥമുൾക്കൊള്ളാനാവാത്തൊരു വാക്കോ ആയി വഴിമാറി പോകും മുൻപ് സ്വന്തമായ രാഷ്ട്രീയമുള്ള, ചിന്തിക്കുന്ന വിവിധവിഭാഗങ്ങളിലുള്ള ജനങ്ങൾ ചേർന്ന് ചിന്തനീയമായൊരു രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പിലൂടെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. നരേന്ദ്രമോഡിയുടെ വാചകം മാത്രം കടമെടുത്ത് പറയട്ടെ. ഇതുവരെ രാജ്യത്തിന് വേണ്ടി തിരഞ്ഞെടുത്തത് ഭരണാധികാരിയെ ആയിരുന്നെങ്കിൽ ഒരു രാജ്യസേവകനെയാണ് നമ്മളിനി തിരഞ്ഞെടുക്കേണ്ടത്. ജനാധിപത്യം പൂർണ്ണാർത്ഥത്തിൽ നിലവിൽ വരാൻ അത് അനിവാര്യമായിരിക്കുന്നു.

0 comments:

Post a Comment

മാറുന്ന സമൂഹത്തിലെ കാഴ്ചകൾ/കേൾവികൾ മനം മടുപ്പിക്കുമ്പോഴും, പ്രതികരണം ചുറ്റുമതിൽക്കെട്ടുകൾക്കപ്പുറം താണ്ടാതെ, പരിമിതികൾ മായാബന്ധനം ചമച്ച മൂക വിപ്ലവത്തിന്റെ അന്ത:സംഘർഷങ്ങൾ പേറുന്ന മനസ്സിന്റെ ചിന്തകൾ....