Saturday

“ഉമ്മ” യിലെ “സ്നേഹം“ സദാചാരക്കണ്ണിൽ... റീലോഡഡ് വരുമ്പോൾ...


ഇക്കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് നമ്മൾ എങ്ങും കേട്ടു കൊണ്ടിരുന്ന ഒരു വാക്കായിരുന്നു “ചുംബനം” എന്നത്..... ആയതിന്റെ കേരളത്തിലെ രണ്ടാം പതിപ്പ് അടുത്ത ദിവസം ആരോപണത്തിന്റെ ഉത്ഭവസ്ഥാനമായ കോഴിക്കോട് വീണ്ടും അവതരിപ്പിക്കുവാൻ പോവുകയാണത്രെ.....

ഏറെക്കാലമായി നമ്മൾ മലയാളികൾ മഹത്തരമെന്ന് വാഴ്ത്തി വന്നിരുന്ന നമ്മുടെ സംസ്കാരം വെറും ഊതി വീർപ്പിച്ച ഒരു കുമിളയാണെന്ന് തെളിയിച്ച ദിവസങ്ങളാണു അന്നു കടന്നു പോയത്, ആ ഒരു കുമിളയെ തകർത്തെറിഞ്ഞ്... “സദാചാരം” എന്ന വാക്കിനു പുനരാഖ്യാനം നൽകുന്നതിനും പുതിയ തലമുറയുടെ “മഹത്തായ അവകാശം“ നേടിയെടുക്കുന്നതിനുമായി കൊളോണിയലിസത്തിന്റെ പാശ്ചാത്യബീജത്തിൽ പിറന്ന ടെസ്റ്റ്യൂമ്പ് സന്തതികളായ കേരളത്തിന്റെ സ്വന്തം “ന്യൂജൻ“ ആൺ/പെൺ വ്യത്യാസമില്ലാതെ, വ്യക്തമായ ഒരു ലക്ഷ്യമോ / നേതൃത്വമോ / ആശയമോ ഒന്നും തന്നെ പ്രകടിപ്പിക്കാതെ ആർക്കോ, ഏതോ ഒരു നിമിഷത്തിൽ ഉണ്ടായ ഒരു തോന്നൽ (അങ്ങിനെ തന്നെ പറയേണ്ടിയിരിക്കുന്നു) വലിയൊരു വിപ്ലവ സമരഹ്വാനമായി “ ചുംബനസമരം” ആയി അവതരിപ്പിക്കപ്പെട്ട്  കൊച്ചിയിൽ ഉദ്ധേശിച്ച പോലെ നടത്താനാകാതെ പോയി അനുകൂലികളെന്നു പറയുന്ന ചില മലയാളികൾ പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലാതെ ഹൈദരാബാദിലും ചെന്നൈയിലും മറ്റു പലയിടങ്ങളിലുമായി അവതരിപ്പിച്ചു വിജയിച്ചെന്നും / ഇല്ലെന്നും പല അഭിപ്രായങ്ങളുമായി ഒന്നൊതുങ്ങിയിരിക്കയായിരുന്നു. വീണ്ടും അതിന്റെ അലയൊലികളുമായി ചിലർ പൊടിതട്ടി ഉണർത്താൻ ശ്രമിക്കുമ്പോൾ പൊതു സമൂഹം സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.

 തങ്ങളുടെ ടി ആർപി റേറ്റും പ്രശസ്തിയും കൂട്ടാനും, കൂടാതെ തൽപ്പര കക്ഷികളുടെ (രാഷ്ടീയവും അല്ലാതെയും) ഇചഛക്കും സാമ്പത്തിക ലാഭത്തിനും വേണ്ടി ചില മാധ്യമങ്ങൾ അവരുടെ ധർമ്മം മറന്നതിന്റെ ഫലമല്ലേ... ലോകത്തിനു മുന്നിൽ എന്നും അഭിമാനിച്ചിരുന്ന മലയാളിയുടെ സംസ്കാരിക പൈതൃകം ചോദ്യം ചെയ്യപ്പെട്ട അവസ്തയിലേക്ക് എത്തിച്ചത് എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

വിജയകരമായി നടത്തി എന്നു പറയുന്നതിന്റെ ചിത്രങ്ങൾ കണ്ടിട്ടുള്ള ചില സമരാനുകൂലികളെങ്കിലും സ്വയം മനസാക്ഷിയോട് ചോദിച്ചിരിക്കും ഈ ഒരു സംഗതിയെ അനുകൂലിച്ചതു ശരി തന്നെയോ ? എന്ന്....!!! കാരണം മാധ്യമങ്ങളിൽ വന്നതായ  ഫോട്ടോകളിൽ എത്രയെണ്ണത്തിൽ സമരാവേശം ഉണ്ടെന്ന് തോന്നി എന്നതു തന്നെ....!  

എല്ലാം ഒരു തരത്തിൽ മുതലെടുപ്പു തന്നെ.... ഇതിന്റെയൊക്കെ മൂല കാരണമായ ഡൌൺ ടൌണിൽ തന്നെ വെറുമൊരു ഔപചാരിക ചുംബനം അല്ലല്ലോ നടന്നു എന്നു പറയുന്നതും മാധ്യമങ്ങളിലൂടെ നാം കണ്ടതും..! അപ്പോൾ ഈ ആഹ്വാനവും ഒരു തരത്തിൽ പറഞ്ഞാൽ മുതലെടുപ്പു തന്നെ, ഈ പറയുന്ന നമുക്കെല്ലാവർക്കും യാഥാർത്ഥ്യം എന്തെന്നറിയാം... എങ്കിലും പുറത്തറിയിക്കാൻ കഴിയാത്ത, കുറേ നാളുകളായി ഉള്ളിലടക്കി വച്ചിരുന്ന  എന്തൊക്കെയോ വികാരങ്ങളുടെ, അനുകൂല സന്ദർഭത്തിനായി കാത്തിരുന്നവരുടെ ഒരു പൊട്ടിത്തെറിയാണു ഈ അഭിപ്രായപ്പെകടനങ്ങളും രോഷങ്ങളുമെല്ലാം...

പക്ഷെ, ഇതിനിടയിൽ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്..... കേരളത്തിന്റെ സമൂഹത്തികപ്രശ്നന്ങ്ങളിൽ എന്നും ശക്തമായി ഇടപെട്ടു കൊണ്ടിരുന്ന സാംസ്കാരിക നായകരിൽ  എഴുത്തുകാരുടെ സ്ഥാനം മുൻപന്തിയിൽ ആയിരുന്നു, എന്നാൽ ഈ വിഷയത്തിൽ ശ്രദ്ധിക്കപ്പെടുന്നതായ ഒരു പ്രതികരണവും അങ്ങിനെ ആ വിഭാഗത്തിൽ നിന്നും ഉണ്ടായിക്കണ്ടില്ല....! മറഞ്ഞു പോയതും ഇപ്പോൾ സജീവമല്ലാത്തതുമായ മഹത്തായ തലമുറയുടെ പാരമ്പര്യം നിലനിറുത്താൻ പുതിയ തലമുറയിൽ നിന്നും ആരും തന്നെ ഉണ്ടാകുന്നില്ല എന്നതു ഗൌരവകരമായി നോക്കി കാണേണ്ടുന്ന ഒരു വസ്തുതയാണ്.

പുതിയ കാലത്തിന്റെ ന്യൂജൻ മുഖമായ “ഇ“ എഴുത്തുകാരിൽ നിന്നും ഉണ്ടായ പ്രതികരണങ്ങൾ നോക്കിയാൽ ഇനി അങ്ങിനെ മലയാളിക്ക് അഭിമാനിക്കാൻ ഉള്ള പ്രതിഭകൾ ഇനിയും പിറവി എടുക്കേണ്ടിയിരിക്കുന്നു എന്ന് വിളിച്ചറിയിക്കുന്ന തരത്തിലുള്ളതുമായിരുന്നു. കാരണം, ഇതിൽ തന്നെ ചിലർ ചുംബനസമരത്തെ നമ്മുടെ പൂർവ്വികർ നടത്തിയ ചരിത്രപരമായ “മാറുമറക്കൽ“ സമരത്തോടുപമിച്ചു കണ്ടു. അതു കൊണ്ടു തന്നെ അവരുടെ നിലവാരം എന്തെന്നും, മലയാളിയുടെ ചരിത്രത്തിലും, സംസ്കാരത്തേയും കുറിച്ചും അവർ എത്ര മാത്രം അറിവുള്ളവരുമാണെന്നും വളരെ സഹതാപത്തോടു കൂടി മാത്രമേ പൊതുസമൂഹത്തിനു മനസ്സിലാക്കുവാൻ കഴിയൂ... 

അല്ലെങ്കിൽ അതിനു ശേഷം എത്രയോ സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങൾ ഈ കൊച്ചു കേരളത്തിൽ നടന്നു അതിലൊന്നും തന്നെ ഈ പറഞ്ഞ നവമാധ്യമ വിപ്ലവകാരികളുടെ പ്രതിഷേധവും പിന്തുണയും അധികമൊന്നും കണ്ടില്ല.... ചെറുതായെങ്കിലും ഉണ്ടായ റോജിയുടെ സംഭവത്തിൽ റോജിറോയിക്ക് നീതി ലഭിക്കണം എന്ന് ആവശ്യം ഉന്നയിച്ച്  ഫേസ്ബുക്ക്‌ ധീരൻമ്മാർ കിംസ് എന്ന കോർപ്പറേറ്റ് സ്ഥാപനത്തിനെതിരെ നടത്തിയ ചെറുതെങ്കിലും / വൻകിട കൂട്ടായ്മ, ആ കുട്ടിയുടെ സംസാരിക്കാൻ കഴിവില്ലാത്ത അച്ഛനും അമ്മയ്ക്കും നീതി വാഗ്ദാനം ചെയ്ത് പ്രൊഫൈൽ പിക്ചർ കറുപ്പിക്കുകയും മെഴുകിതിരി കത്തിക്കുകയും ചെയ്ത അതേ പ്രതിഷേധം അതിന്റെ ആ വ്യാപ്തി, അതു ചുരുങ്ങിയ ദിവസങ്ങളിലെ കീബോർഡ് അക്ഷരങ്ങളിൽ ഒതുങ്ങിക്കൂടി... ചുംബനസമര ആഹ്വാനത്തിനായ് ആവേശപൂർവ്വം ഒന്നിച്ചു കൂടിയ “പുതുവിപ്ലവത്തിന്റെ രക്തവാഹകർ“ എവിടെ പോയിരുന്നൂ.... റോജിക്കുവേണ്ടി നിരത്തിൽ പ്രെതിഷേധിക്കാൻ...? അന്നവിടെ ഉണ്ടായവർ വെറും വിരലിലെണ്ണാവുന്നവർ മാത്രം... ആ കുട്ടിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള സമരം ഇപ്പോൾ അവളുടെ കുടുംബക്കാരുടെ മാത്രം ആവശ്യമായി മാറിയിരിക്കുന്നു .......

   അങ്ങിനെയിരിക്കെ കൊട്ടിഘോഷിച്ച് പുതു തലമുറ വിപ്ലവം എന്ന പേരിൽ അരങ്ങേറിയ “ചുംബന സമരം” രണ്ടാം പതിപ്പ് (റീലോഡഡ്) നു ഇനിയും ജനങ്ങൾക്കിടയിൽ നിന്നും പഴയ പോലെ പിന്തുണ കിട്ടുകയാണെങ്കിൽ  കേരളത്തിൽ വൃദ്ധസദനങ്ങളുടെ എണ്ണം ഇനിയും കൂടിക്കൊണ്ടേ ഇരിക്കും എന്നൊരു സൂചന മാത്രമേ യഥാർത്തത്തിൽ സമൂഹത്തിനു നൽകുന്നുള്ളൂ.... അല്ലാതെ സമൂഹത്തിലെ അനാചാരങ്ങൾക്കൊ, മറ്റു സാമൂഹ്യതിന്മകൾക്കൊ എതിരെ ഉണരുന്ന സാമൂഹ്യ മനസ്സാക്ഷി ന്യൂജനറേഷൻ മാധ്യമങ്ങളിലൂടെ എന്നു പറയുക വയ്യ...

 ഇന്ന് നമ്മുടെ കേരളത്തിൽ നടക്കുന്ന പലതും കണ്ടും, കേട്ടും കൊണ്ടിരിക്കുന്ന നമുക്കെല്ലാവർക്കും  നാം സ്വയം അപഹാസ്യർ ആകുകയാണ് എന്നറിയാം എങ്കിലും പറയാതെ വയ്യ...  ഇതു കാലത്തിന്റെ വെറുമൊരു വികൃതിയാകാം.... 

 “”“വികാരം തീ പിടിച്ചവരേക്കാൾ വിവേകത്താൽ നീറിക്കത്തുന്നവരെ ആണ് ഇന്നത്തെ സമൂഹത്തിനാവശ്യം....“”“  അങ്ങിനെയുള്ളവർക്കെ നശിച്ചു കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ എന്തെങ്കിലും മാറ്റം കൊണ്ടു വരുവാൻ കഴിയൂ...


0 comments:

Post a Comment

മാറുന്ന സമൂഹത്തിലെ കാഴ്ചകൾ/കേൾവികൾ മനം മടുപ്പിക്കുമ്പോഴും, പ്രതികരണം ചുറ്റുമതിൽക്കെട്ടുകൾക്കപ്പുറം താണ്ടാതെ, പരിമിതികൾ മായാബന്ധനം ചമച്ച മൂക വിപ്ലവത്തിന്റെ അന്ത:സംഘർഷങ്ങൾ പേറുന്ന മനസ്സിന്റെ ചിന്തകൾ....